തൃശൂർ: ടൗൺഹാളിലെ പവിഴമല്ലി വേദിയിൽ മിമിക്രി മത്സരം തുടങ്ങിയപ്പോൾ പൂരനഗരി കണ്ടത് ഒരു പക്കാ സിനിമാകൊട്ടക പ്രതീതി. എച്ച്എസ്എസ് വിഭാഗം മിമിക്രി മത്സരം കാണാൻ കാണികൾ ഇരച്ചെത്തിയതോടെ ഹാൾ ഹൗസ്ഫുൾ!
ആൺകുട്ടികളുടെ മത്സരം പതിവുശബ്ദാനുകരണത്തോടെയാണ് തുടങ്ങിയതെങ്കിലും വേദി പെട്ടെന്നാണ് ട്രെൻഡിംഗ് ഡയലോഗുകളിലേക്കും ബിജിഎമ്മുകളിലേക്കും ട്രാക്ക് മാറ്റിയത്. അവതരണരീതികൊണ്ടും ശബ്ദവിസ്മയങ്ങൾകൊണ്ടും സദസിനെ ഞെട്ടിച്ചതു മിമിക്രി കലാകാരികൾ ആയിരുന്നു.
എ ഗ്രേഡ് തിളക്കം
ആൺകുട്ടികളിൽ മത്സരിച്ച 14 പേരിൽ 11 പേരും പെൺകുട്ടികളിൽ മത്സരിച്ച 15 ൽ 12 പേരും എ ഗ്രേഡ് തിളക്കവുമായാണ് മടങ്ങിയത്. പുതിയ പ്രമേയങ്ങൾ ഏറെ എത്തിയെങ്കിലും അവതരണത്തിലെ പിഴവുകളും ശബ്ദാനുകരണത്തിലെ പാളിച്ചകളും വിധികർത്താവായ മിമിക്രിതാരം സാജു കൊടിയൻ ചൂണ്ടിക്കാട്ടി.
അച്ഛന്റെ വഴിയേ മകനും; മൈക്കിനുമുന്നിൽ വിറച്ച ബാല്യം,
ഇന്ന് മിമിക്രിയുടെ സുൽത്താൻ
തൃശൂർ: എൽകെജിയിൽ പഠിക്കുമ്പോൾ മൈക്കിനു മുന്നിൽ പകച്ചുനിന്ന് കരഞ്ഞോടിയ ആ കൊച്ചുപയ്യനല്ല ഇന്നു നിഷാൻ മുഹമദ്. ഇന്നവൻ മൈക്കിനുമുന്നിൽ നിന്നാൽ സദസ് ഒന്നടങ്കം നിശബ്ദമാകും. പിന്നാലെ ശബ്ദവിസ്മയങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തും. സംസ്ഥാന സ്കൂൾ മിമിക്രി വേദിയിൽ തുടർച്ചയായ നാലാംതവണയും എ ഗ്രേഡ് തിളക്കത്തിലാണ് കോഴിക്കോട് പാലോറ എച്ച്എസ്എസിലെ ഈ പ്ലസ് വൺ വിദ്യാർഥി.
കോഴിക്കോടുനിന്ന് തൃശൂരിലെ കലോത്സവനഗരിയിലേക്കുള്ള ഒരു വ്ലോഗറുടെ യാത്രയായിരുന്നു നിഷാന്റെ പ്രമേയം. നെഞ്ചിടിപ്പേറ്റുന്ന കാന്താര ബിജിഎമ്മും മനസുനിറയ്ക്കുന്ന താരാട്ടുപാട്ടും പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും സമന്വയിപ്പിച്ച പ്രകടനം സദസിനെ വിസ്മയിപ്പിച്ചു.
മിമിക്രി താരം ഫൈസൽ ഉളിയേരിയുടെയും തസ്നിയുടെയും മകനായ നിഷാൻ, പാരമ്പര്യമായി ലഭിച്ച കലാവാസനയെ പുത്തൻ ട്രെൻഡുകളുമായി ചേർത്തുവച്ചാണ് വേദി കീഴടക്കിയത്. പരിശീലനത്തിനായി പ്രത്യേക സമയം ചെലവിടാറില്ലെന്നും ഒഴിവുവേളകൾ അതിനായി ഉപയോഗിക്കുമെന്നും സിനിമയാണ് തന്റെ ലക്ഷ്യമെന്നും നിഷാൻ കൂട്ടിച്ചേർത്തു.
ചിരിയില്ല, കരയിപ്പിച്ച് എയ്ഞ്ചൽ
തൃശൂർ: ചിരിയുടെ മാലപ്പടക്കം പ്രതീക്ഷിച്ചെത്തിയ കാണികൾക്കുമുന്നിൽ ഇക്കുറി മിമിക്രി വേദി നോവിന്റെ കനലായി. എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽദുരന്തവും ഗാസയിലെ യുദ്ധഭീതിയുമെല്ലാം ശബ്ദങ്ങളായി പുനർജനിച്ചപ്പോൾ സദസ് ഞെട്ടലോടെയാണ് അതു കേട്ടിരുന്നത്.
ഉരുൾപൊട്ടലിൽ ഉറ്റവരെത്തേടി അലയുന്ന റിങ്കു എന്ന നായയുടെ ദയനീയാവസ്ഥ ഉൾപ്പെടെ ശബ്ദം കൊണ്ട് ആവിഷ്കരിച്ചതു കോഴിക്കോട് മേമുണ്ട എച്ച്എസ്എസിലെ എയ്ഞ്ചൽ ബി. ദീഷ്. മിമിക്രി ആർട്ടിസ്റ്റ് ഷൈജു പേരാമ്പ്രയുടെ ശിക്ഷണത്തിൽ എത്തിയ എയ്ഞ്ചൽ ചൂരൽമലയിൽനിന്ന് ഗാസയിലെ യുദ്ധമുഖത്തേക്കുള്ള യാത്രയാണ് വേദിയിൽ പകർത്തി എ ഗ്രേഡ് നേടിയത്.
അപ്പീലിലൂടെ മത്സരത്തിനെത്തിയ കോഴിക്കോട് നടുവണ്ണൂർ ജിഎച്ച്എസ്എസിലെ എസ്.ആർ. ശ്രീനഹയും ഗാസയിലെയും പലസ്തീനിലെയും ദുരിതജീവിതം ശബ്ദങ്ങളായി വേദിയിലെത്തിച്ച് എ ഗ്രേഡ് സ്വന്തമാക്കി. ഷൈജു അട്ടപ്പാടിക്കുകീഴിൽ മൂന്നുമാസംമാത്രം പരിശീലനം നടത്തിയാണ് ശ്രീനഹ മിന്നുംപ്രകടനം കാഴ്ചവച്ചത്.
ഒറ്റയ്ക്കു വഴിവെട്ടി വന്നവനാ... പേര് ആൽവിൻ
തൃശൂർ: ഒറ്റയ്ക്കു വഴിവെട്ടി വന്നവനാ...എന്ന നിവിൻ പോളി സിനിമയിലെ മാസ് ഡയലോഗ് തന്റെ ജീവിതത്തിൽ പകർത്തിയിരിക്കുകയാണ് മതിലകം സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ആൽവിൻ ആന്റണി.
ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ, സ്വന്തം പരിശ്രമത്തിലൂടെ മിമിക്രി പഠിച്ചെടുത്ത ഈ മിടുക്കൻ സംസ്ഥാന കലോത്സവത്തിലെ കന്നിയങ്കത്തിൽതന്നെ എ ഗ്രേഡ് സ്വന്തമാക്കി. ആസിഫ് അലിയും നസ്ലിനും ലാലും റിയാസ് ഖാനും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വൈറലായ ഡയലോഗുകൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസ് കൈയടികളോടെ വരവേറ്റു.
ബയോ സയൻസ് വിദ്യാർഥിയായ ആൽവിൻ ചിത്രരചനയിലും മുന്പേ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ സംവിധായകൻ ജിനോ ലോനയുടെയും മീരയുടെയും മകനായ ആൽവിൻ, തനിക്കു ചുറ്റുമുള്ള ശബ്ദങ്ങളെയും സിനിമയെയും നിരീക്ഷിച്ചാണ് മിമിക്രിയുടെ ലോകത്തേക്ക് എത്തിയത്.